Friday, July 25, 2008

നഗരത്തെ നടുക്കിയ സ്ഫോടനം




ഇന്നലെ ഉച്ചയ്ക്ക് 1.30 മുതല്‍ 2.45 വരെ ഉള്ള സമയത്തിനുള്ളില്‍ നഗരത്തില്‍ എട്ട് സ്ഥലങ്ങളില്‍ ബോംബുകള്‍ പൊട്ടി.പിന്നീട് 5 മണിക്ക് വീണ്ടും ഒരു സ്ഫോടനം ഉണ്ടായി.

ഈ സ്ഫോടനങ്ങള്‍ ഒന്നും കനത്ത പൊട്ടിത്തെറികള്‍ ആയിരുന്നില്ലെങ്കിലും കാഷ്യുവാലിറ്റി മറ്റ് നഗരങ്ങളില്‍ ഉണ്ടായ സ്പോടനങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു എങ്കിലും,ഈ സ്ഫോടനപരമ്പര നഗരത്തില്‍ സൃഷ്ടിച്ച പരിഭ്രാന്തി വിവരിക്കാനാവാത്തത്ര വലുതായിരുന്നു.

മറ്റു നഗരങ്ങളെ അപേക്ഷിച്ച് പൊതുവേ കലാപങ്ങളും അക്രമങ്ങളും വളരെ കുറവായ ഈ നഗരത്തിന്റെ ശാന്തിയും സമാധാനവും തകര്‍ത്ത് നഗരത്തിന്റെ അതിശീഘ്രപുരോഗതിയ്ക്ക് തടയിടാനായി നടത്തിയ ഈ കുത്സിത ശ്രമം,അത് ചെയ്തത് ആരായാലും,തികച്ചും ഭീരുത്വവും അതിലുപരി കാടത്ത്വവുമായി പോയി.

അപ്രതീക്ഷിതമായി ഉണ്ടായ ഈ ഞെട്ടലില്‍ നഗരം നടുങ്ങിപ്പോയെങ്കിലും മൂന്നു നാലു മണിക്കൂറിനകം ജനജീവിതം സാധാരണഗതിയിലായി.രണ്ട് പേര്‍ മരിക്കുകയും പതിനഞ്ചില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ നീചവൃത്തിയെ ബാംഗളൂരിലെ ബഹുജനം വളരെ അധികം സംയമനത്തോടെയാണ് നേരിട്ടത്.ഈ നഗരവും,തീവ്രവാദത്തിനോ ബോംബ് സ്ഫോടനങ്ങള്‍ക്കോ അതീതമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമത്തെ നഗരവാസികള്‍ തിരിച്ചറിയുന്നു.

ഇത്തരം പ്രവൃത്തികള്‍ കൊണ്ടൊന്നും നഗരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാനാവില്ലെന്നും ഇത്തരം ഓലപ്പാമ്പുകള്‍ കാണിച്ച് ഭയപ്പെടുത്തി ആരേയും പിന്‍‌തിരിപ്പിക്കാനാവില്ലെന്നും,ഇവയെ ഒക്കെ തൃണവല്‍ഗണിച്ച് ഞങ്ങള്‍ മുന്നോട്ട് തന്നെ കുതിക്കുമെന്നും എന്റെ നഗരം പ്രതിജ്ഞ ചെയ്യുന്നു.

എന്റെ നഗരത്തിനു നേരെ ഉണ്ടായ ഈ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു.. എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു