Tuesday, September 2, 2008

പ്രവാസത്തിന്റെ ഉഷ്ണജലപ്രവാഹങ്ങള്‍




ഒരു മുന്‍‌വിധിയും ഇല്ലാതെയാണ് എം മുകുന്ദന്റെ പ്രവാസം വായിക്കാന്‍ തുടങ്ങിയത്. ഈ വറുതിക്കാലത്ത് എന്ത് പ്രതീക്ഷിക്കാന്‍? മുകുന്ദനായലും ആരായാലും എന്നായിരുന്നു മനസ്സില്‍..

എന്നാല്‍ വായന പുരോഗമിച്ചപ്പോള്‍ ദാസന്റേയും ചന്ദ്രിയുടേയും, ശിവന്റേയും ശശിയുടേയും അല്‍ഫോന്‍സാച്ചന്റേയും മഗ്ഗി മദാമ്മയുടേയും കഥകള്‍ പറഞ്ഞ പഴയ മയ്യഴിക്കാരന്‍ കുറിയ മനുഷ്യന്‍ തൂണു തകര്‍ത്ത നരസിംഹാവതാരം പോലെ പുറത്ത് വന്ന് എന്നോട് നിലവിളിച്ചു.

"എന്റെ ആവനാഴിയില്‍ ഇനിയും അമ്പുകള്‍ ബാക്കിയുണ്ട്"

ചോയിച്ചന്റെ മകന്‍ കുറ്റ്യേത്ത് കുമാരന്‍ ബര്‍മ്മയിലേക്ക് പോയത് വീട്ടിലെ വറുതി കൊണ്ടല്ല

നാട്ടിലെ എറ്റവും വലിയ ധനികനായിരുന്നു ചോയിച്ചന്‍

ചെറുപ്പക്കാരിയായ ഭാര്യ കല്യാണിയേയും ഒരു വയസ്സ് തികഞ്ഞിട്ടില്ലാത്ത മകന്‍ ഗിരിയേയും ഉപേക്ഷിച്ചാണ് കുമാരന്‍ ആവിക്കപ്പല്‍ കയറി ബര്‍മ്മയില്‍ എത്തിയത്.

റംഗൂണ്‍ തുറമുഖത്ത് കപ്പലിറങ്ങിയ കുമാരന്‍ നിനച്ചത് താനാകും ബര്‍മ്മയിലെത്തിയ ആദ്യത്തെ പ്രവാസി എന്നായിരുന്നു. എന്നാല്‍ ആ വിശ്വാസം തെറ്റാണെന്ന് മനസ്സിലാകാന്‍ രണ്ട് കൊല്ലം കാത്തിരിക്കേണ്ടി വന്നു. തുറമുഖ തൊഴിലാളികള്‍ക്ക് മാപ്പിളപ്പാട്ട് പാടിക്കൊടുക്കുന്ന ബീരന്‍‌കുട്ടിക്കായെ കണ്ടപ്പോഴാണ് കുമാരനു മനസ്സിലായത്,തനിക്കു മുന്‍പും ബര്‍മ്മയില്‍ മലയാളി പ്രവാസികള്‍ ഉണ്ടായിട്ടുണ്ട്. കൊയിലാണ്ടിക്കാരനായ ബീരാന്‍‌കുട്ടിക്കായും മകള്‍ കതീശയും തനിക്കു മുന്‍പേ ഉണ്ടായ പ്രവാസികളാണ്....

കഥകളെഴുതുന്ന ശങ്കരങ്കുട്ടി പ്രവാസി അല്ലെങ്കിലും നിരന്തര യാത്രികനാണ്.. അല്ലെങ്കിലും യാത്രികരാണല്ലൊ പ്രവാസികളെ സൃഷ്ടിക്കുന്നത്..

ആഫ്രിക്കന്‍ രാജ്യങ്ങളില്‍,ഇന്തോനേഷ്യയില്‍,പെനാങ്കില്‍,സിലോണില്‍ അങ്ങനെ അങ്ങനെ നിരവധി യാത്രകള്‍ ചെയ്തിരുന്ന ശങ്കരങ്കുട്ടി ലോകസഭാ തെരഞ്ഞെടുപ്പില്‍ തന്നേക്കാള്‍ അതിമനോഹരമായി പ്രസംഗിക്കുന്ന സുകുമാരനെ തോല്‍പ്പിച്ചാണ് എം.പി ആയത്. തീന്‍‌മൂര്‍ത്തി ഭവനടുത്തുള്ള അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്കാണ് ഗിരിയും സുനന്ദയും കൈക്കുഞ്ഞായ അശോകനും ഒരു ദിവസം എത്തി ചേരുന്നത്.

പാര്‍ട്ടി നിരോധിച്ചപ്പോള്‍ അന്യരാജ്യമായ മാഹിയിലെ നാണുമാഷുടെ വീട്ടില്‍ ഒളിച്ച് താമസിക്കാന്‍ ചെന്നതായിരുന്നു ഗിരി. ബര്‍മ്മയിലേക്ക് പോയ കുറ്റ്യേത്ത് കുമാരന്റെ ഒരേ ഒരു മകന്‍..

ഗിരിയുടെ സുഹൃത്തായിരുന്നു നാണുമാഷുടെ ഇളയമകന്‍.രണ്ട് പേരും സാമൂതിരി കോളേജില്‍ ഡിഗ്രീക്ക് പഠിക്കുകയായിരുന്നു.നാണുമാഷുടെ മൂത്ത മകള്‍ സുനന്ദ. ഗിരിയേക്കാള്‍ പന്ത്രണ്ട് വയസ്സ്‌ പ്രായക്കൂടുതലുണ്ട്..

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ,നാണുമാഷെ കാണാന്‍ ശങ്കരങ്കുട്ടി ചെന്നപ്പോള്‍ ഒരു കൊച്ച് പാവാടക്കാരിയായിരുന്നു സുനന്ദ. ഒരു ഇംഗ്ലീഷ് പത്രവും വായിച്ച് ഒരു വട്ടക്കണ്ണടക്കാരന്‍ ചെറുപ്പക്കാരന്‍ അവീടെ ഇരുപ്പുണ്ടായിരുന്നു. സുനന്ദയുടെ നോട്ടങ്ങള്‍ ചെന്നു വീഴുന്നത ആ ചെറുപ്പക്കാരനിലായിരുന്നു.

അയാളാണ് മച്ചിലേടത്ത് മാധവന്‍..

മാഹിയിലേയും പോണ്ടിച്ചേരിയിലേയും കോളേജുകളിലെ പഠനം എല്ലാം കഴിഞ്ഞ മാധവന്‍ ഫ്രാന്‍സിലെ പാരീസിലെ ഒരു പ്രസിദ്ധ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി പോയി.

ഫ്രഞ്ച് കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ അംഗമായ മാധവന്‍ തന്റെ കൂട്ടുകാരിയായ സലാഗനോടൊപ്പം സാര്‍ത്രിനെ കാണാന്‍ പോകുന്നു. കാമുവിന്റെ തെരുവുനാടകം അവതരിപ്പിക്കുന്നു.അവസാനം നാസിപ്പട്ടാളം പിടിച്ച് കൊണ്ട് പോയി മറ്റ് 17 വിപ്ലവകാരികള്‍ക്കൊപ്പം വെടിവെച്ച് കൊല്ലുന്നു.

തന്നേക്കാള്‍ 12 വയസ്സ് ഇളയ ഗിരിയെ കല്യാണം കഴിക്കാന്‍ സമ്മതിക്കുമ്പോള്‍,സുനന്ദയ്ക്ക് ഒരൊറ്റ ഡിമാന്റേ ഉണ്ടായിരുന്നൊള്ളു. ഒരു ദിവസം കൊണ്ട് പോകണം ഫ്രാന്‍സില്‍. മച്ചിലേടത്ത് മാധവന്റെ ശവകുടീരം കാണിക്കണം. അതില്‍ ഒരു കുല ലില്ലിപ്പൂക്കള്‍ സമര്‍പ്പിക്കണം..

ആ നേര്‍ച്ച നടത്താനുള്ള വഴി മദ്ധ്യേയാണ് ഗിരിയും സുനന്ദയും മകനും ശങ്കരങ്കുട്ടിയേട്ടന്റെ എം പി ക്വാര്‍ട്ടേര്‍സില്‍ എത്തിയത്.

അവിടെ നിന്ന് വിമാനം വഴി ഫ്രാന്‍സിലേക്ക്..

പാരീസില്‍ അപ്പോള്‍ ശൈത്യകാലമായിരുന്നു. രാവിലെ കുളിച്ച് വെള്ളം ഇറ്റുവീഴുന്ന മുടിയുമായി സുനന്ദ ഗിരിയോടൊപ്പം നടന്നു..ആ ശവകുടീരത്തിലേക്ക്. ഒരു കുല ലില്ലിപ്പൂക്കള്‍ അതിനു മുകളില്‍ വെച്ചു

"എനിക്ക് മാത്രമായാണോ?"

"അല്ല നിങ്ങള്‍ പതിനെട്ട് പേര്‍ക്കും കൂടിയാ"

ബെഹറിനിലേക്കുള്ള വിമാനത്തില്‍ വെച്ചാണ് കൈനാട്ടുകാരന്‍ രാമദാസന്‍,അശോകനെ കാണുന്നത്. കോട്ടും സ്യൂട്ടും ധരിച്ച പ്രസാദവാനായാ ചെറുപ്പക്കാരന്‍.

അമേരിക്കയിലെ മസാച്ചുസെറ്റസ് യൂണിവേര്‍സിറ്റിയില്‍ എം ബി എ പഠിക്കാന്‍ പോകുകയാണ് അശോകന്‍.. കുറ്റ്യേത്ത് കുമാരന്റെ മകന്‍ ഗിരിയുടേയും മയ്യഴി നാണുമാഷുടെ മകള്‍ സുനന്ദയുടേയും ഏക പുത്രനായ അശോകന്‍..

അഛനേ പോലെ കമ്യൂണിസം അശോകനെ ആകര്‍ഷിച്ചില്ല. അയാളെ ആകര്‍ഷിച്ചത് മാനേജ്‌മെന്റാണ്. അഛന്‍ ഗിരി നാട്ടിലെ പ്രസിദ്ധനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു. എം എല്‍ എ ആയിട്ടുണ്ട് ഗിരി..

ബെഹറിനില്‍ കണ്‍സ്റ്റ്രക്ഷന്‍ സൈറ്റില്‍ ജോലി ചെയ്യുന്ന രാമദാസനും അബ്ദുട്ടിയും സലാലയില്‍ ജോലി ചെയ്യുന്ന നാഥനും ദുബായില്‍ ജോലി ചെയ്യുന്ന സുധീരനും പ്രവാസത്തിന്റെ പുത്തന്‍ തലമുറ...

വീണ്ടും വീണ്ടും പ്രവാസികള്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. പ്രവാസം നമുക്ക് പൈതൃകമായി പകര്‍ന്നു കിട്ടിയ ഒസ്യത്താണല്ലൊ..

പ്രവാസങ്ങള്‍ നിലയ്ക്കുന്നില്ല...

Friday, July 25, 2008

നഗരത്തെ നടുക്കിയ സ്ഫോടനം




ഇന്നലെ ഉച്ചയ്ക്ക് 1.30 മുതല്‍ 2.45 വരെ ഉള്ള സമയത്തിനുള്ളില്‍ നഗരത്തില്‍ എട്ട് സ്ഥലങ്ങളില്‍ ബോംബുകള്‍ പൊട്ടി.പിന്നീട് 5 മണിക്ക് വീണ്ടും ഒരു സ്ഫോടനം ഉണ്ടായി.

ഈ സ്ഫോടനങ്ങള്‍ ഒന്നും കനത്ത പൊട്ടിത്തെറികള്‍ ആയിരുന്നില്ലെങ്കിലും കാഷ്യുവാലിറ്റി മറ്റ് നഗരങ്ങളില്‍ ഉണ്ടായ സ്പോടനങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു എങ്കിലും,ഈ സ്ഫോടനപരമ്പര നഗരത്തില്‍ സൃഷ്ടിച്ച പരിഭ്രാന്തി വിവരിക്കാനാവാത്തത്ര വലുതായിരുന്നു.

മറ്റു നഗരങ്ങളെ അപേക്ഷിച്ച് പൊതുവേ കലാപങ്ങളും അക്രമങ്ങളും വളരെ കുറവായ ഈ നഗരത്തിന്റെ ശാന്തിയും സമാധാനവും തകര്‍ത്ത് നഗരത്തിന്റെ അതിശീഘ്രപുരോഗതിയ്ക്ക് തടയിടാനായി നടത്തിയ ഈ കുത്സിത ശ്രമം,അത് ചെയ്തത് ആരായാലും,തികച്ചും ഭീരുത്വവും അതിലുപരി കാടത്ത്വവുമായി പോയി.

അപ്രതീക്ഷിതമായി ഉണ്ടായ ഈ ഞെട്ടലില്‍ നഗരം നടുങ്ങിപ്പോയെങ്കിലും മൂന്നു നാലു മണിക്കൂറിനകം ജനജീവിതം സാധാരണഗതിയിലായി.രണ്ട് പേര്‍ മരിക്കുകയും പതിനഞ്ചില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ നീചവൃത്തിയെ ബാംഗളൂരിലെ ബഹുജനം വളരെ അധികം സംയമനത്തോടെയാണ് നേരിട്ടത്.ഈ നഗരവും,തീവ്രവാദത്തിനോ ബോംബ് സ്ഫോടനങ്ങള്‍ക്കോ അതീതമല്ല എന്ന് വരുത്തി തീര്‍ക്കാന്‍ നടത്തിയ ആസൂത്രിത ശ്രമത്തെ നഗരവാസികള്‍ തിരിച്ചറിയുന്നു.

ഇത്തരം പ്രവൃത്തികള്‍ കൊണ്ടൊന്നും നഗരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയാനാവില്ലെന്നും ഇത്തരം ഓലപ്പാമ്പുകള്‍ കാണിച്ച് ഭയപ്പെടുത്തി ആരേയും പിന്‍‌തിരിപ്പിക്കാനാവില്ലെന്നും,ഇവയെ ഒക്കെ തൃണവല്‍ഗണിച്ച് ഞങ്ങള്‍ മുന്നോട്ട് തന്നെ കുതിക്കുമെന്നും എന്റെ നഗരം പ്രതിജ്ഞ ചെയ്യുന്നു.

എന്റെ നഗരത്തിനു നേരെ ഉണ്ടായ ഈ ആക്രമണത്തെ ഞാന്‍ അപലപിക്കുന്നു.. എന്റെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു


Sunday, March 30, 2008

കടമ്മനിട്ടയ്ക്ക് പ്രണാമം




മലയാള കവിതയ്ക്ക് ഇടിമുഴക്കങ്ങള്‍ സമ്മാനിച്ച കവി മടക്കയാത്രയായി..

മേഘനാദമായുയര്‍ന്ന ആ കാവ്യധോരിണി നിലച്ചു..

കവി ഇടിമിന്നലിന്റെ ഊഷ്മാവുള്ള വരികള്‍ പാടുന്നതവസാനിപ്പിച്ച് തിരിച്ചു വരാനാവാത്ത ലോകത്തേക്ക് യാത്രയായി..

ഇനിയും

ഈറ്റപ്പുലി നോറ്റു കിടക്കും ഈറന്‍ കണ്ണുകള്‍ തുറക്കില്ല
കരിമൂര്‍ഖന്‍ വാലില്‍ കിളിരുന്ന പുരികം പാതി വളയില്ല..

കാട്ടാളന്‍, ഒരു കനിവു പോലും പറയാതെ നെഞ്ചത്തു കുത്തിയ പന്തം നിലത്തുപേക്ഷിച്ച് മടങ്ങി..

കേള്‍ക്കുന്നു..അകന്നകന്നു പോകുന്ന ഒരു ശീല്..

കറുത്ത പെണ്ണേ കരിം‌കുഴലി
കരിമ്പനകള്‍ ഉലച്ച പെണ്ണേ
കടമനിട്ട കാവു തീണ്ടാന്‍
നീയുണരു നീയുണരു..

എല്ലാ ആഗ്രഹങ്ങളും വെറും സ്വപ്നങളാണെന്ന് കവി തിരിച്ചറിഞ്ഞപ്പോഴേക്കും അര്‍ബുദം കവിയില്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു..

വേട്ടക്കാരുടെ കയ്യുകള്‍ ആരും കല്‍മഴുവാല്‍ വെട്ടിയില്ല..മലതീണ്ടി അശുദ്ധം ചെയ്തവര്‍ തലയില്ലാതെ ആറ്റില്‍ ഒഴുകിയുമില്ല..

ഗുരുതുല്യനായ കവിയ്ക്ക് എന്റെ പ്രണാമം..