
മലയാള കവിതയ്ക്ക് ഇടിമുഴക്കങ്ങള്‍ സമ്മാനിച്ച കവി മടക്കയാത്രയായി..
മേഘനാദമായുയര്‍ന്ന ആ കാവ്യധോരിണി നിലച്ചു..
കവി ഇടിമിന്നലിന്റെ ഊഷ്മാവുള്ള വരികള്‍ പാടുന്നതവസാനിപ്പിച്ച് തിരിച്ചു വരാനാവാത്ത ലോകത്തേക്ക് യാത്രയായി..
ഇനിയും
ഈറ്റപ്പുലി നോറ്റു കിടക്കും ഈറന്‍ കണ്ണുകള്‍ തുറക്കില്ല
കരിമൂര്ഖന് വാലില്‍ കിളിരുന്ന പുരികം പാതി വളയില്ല..
കാട്ടാളന്, ഒരു കനിവു പോലും പറയാതെ നെഞ്ചത്തു കുത്തിയ പന്തം നിലത്തുപേക്ഷിച്ച് മടങ്ങി..
കേള്‍ക്കുന്നു..അകന്നകന്നു പോകുന്ന ഒരു ശീല്..
കറുത്ത പെണ്ണേ കരിംകുഴലി
കരിമ്പനകള്‍ ഉലച്ച പെണ്ണേ
കടമനിട്ട കാവു തീണ്ടാന്‍
നീയുണരു നീയുണരു..
എല്ലാ ആഗ്രഹങ്ങളും വെറും സ്വപ്നങളാണെന്ന് കവി തിരിച്ചറിഞ്ഞപ്പോഴേക്കും അര്‍ബുദം കവിയില്‍ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു..
വേട്ടക്കാരുടെ കയ്യുകള്‍ ആരും കല്‍മഴുവാല്‍ വെട്ടിയില്ല..മലതീണ്ടി അശുദ്ധം ചെയ്തവര്‍ തലയില്ലാതെ ആറ്റില്‍ ഒഴുകിയുമില്ല..
ഗുരുതുല്യനായ കവിയ്ക്ക് എന്റെ പ്രണാമം..