Friday, August 24, 2007

ചര്‍ച്ച് സ്ട്രീറ്റില്‍ റോസാപ്പൂ വില്‍ക്കുന്ന പെണ്‍കൊടി

രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അവളെ ആദ്യമായി കണ്ടത്

ഞാനും ചന്ദ്രക്കാറനും പിന്നെ ചന്ദ്രക്കാറന്റെ ഒരു സുഹൃത്തും ചര്‍ച്ച് സ്ട്രീറ്റില്‍ ഉള്ള ഒരു പബ്ബില്‍ നിന്നും ഇറങ്ങിയതായിരുന്നു രാത്രി പതിനൊന്ന് മണിക്ക്. അന്നൊരു വെള്ളിയാഴ്ച്ക. കമിതാക്കളും ഡാന്‍സുകാരും നിറഞ്ഞു നിന്നിരുന്ന ആ പബ്ബില്‍ ബഹളവും നൃത്തവും മുറുകിയപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങിയതായിരുന്നു.

പബ്ബിന്റെ മുന്‍പില്‍ ഉള്ള പടവുകളിറങ്ങവേ മുന്‍പില്‍ ഒരു പെണ്‍കുട്ടി
പതിനൊന്നൊ പന്ത്രണ്ടോ വയസ്സ് പ്രായം കാണും. കാശ്മീരി പെണ്‍കുട്ടിയാണോ എന്ന് എനിക്ക് സംശയം ഉണ്ട്. കയ്യില്‍ കുറേ റോസാപ്പൂക്കള്‍
ആ വഴി വരുന്ന കപ്പിള്‍സിനെയാണ് അവള്‍ ലക്ഷ്യമിടുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ അറിയാം..എന്നാല്‍ അവള്‍ എന്റെ നേരെ നടന്നടുത്തപ്പോള്‍ എനിക്ക് അദ്ഭുദമായി. ഇനി എന്റെ പുറകേ വല്ല പെണ്‍കിടാവും നടന്നു വരുന്നുണ്ടോ എന്ന സംശയത്തില്‍ ഞാന്‍ തിരിഞ്ഞു നോക്കി. ചന്ദ്രക്കാറനായിരുന്നു എന്റെ പുറകെ വന്നിരുന്നത്
അവള്‍ മോശമില്ലാത്ത ഇംഗ്ലീഷില്‍ ചോദിച്ചു
"Uncle Can You Buy a Rose"
ഞാന്‍ ആകെ ചിന്താകുഴപ്പത്തിലായി.. ആ പെണ്‍കുട്ടിയുടെ ഓമനത്ത്വം തുടിക്കുന്ന മുഖം കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി.അപ്പോള്‍ ഞാന്‍,പത്ത് വയസ്സുള്ള എന്റെ മകളെ ഓര്‍ത്തു.

അവളുടെ കയ്യില്‍ ഉള്ള പൂക്കള്‍ ഏതോ ബൊക്കൈയില്‍ നിന്നും എടുത്തതാണെന്നുറപ്പാണ്. പൂക്കള്‍ അല്പം വാടിയ പോലെ ഉണ്ട്.

“കുട്ടി എന്തിനാ ഈ രാത്രിയില്‍ ഇങ്ങനെ ഒറ്റയ്ക്ക് പൂ വില്‍ക്കാന്‍ ഇറങ്ങിയിരിക്കുന്നത്?“
“നാളെ സ്കൂളില്‍ ഫീസ് അടയ്ക്കണം ഇല്ലെങ്കില്‍ സ്കൂളില്‍ നിന്നും പുറത്താക്കും”
ഒരു പൂവിനു എത്രയാ വില?
പത്ത് രൂപ
ഞാന്‍ പത്ത് രൂപ കൊടുത്ത് ഒരു പൂ വാങ്ങി
അപ്പോള്‍ ചന്ദ്രക്കാറന്‍ ആ പൂവ് എന്റെ കയ്യില്‍ നിന്നും വാങ്ങി അവള്‍ക്ക് തന്നെ കൊടുത്തു. അവള്‍ അത് വാങ്ങാന്‍ തയ്യാറായില്ല.

“ കുട്ടിക്ക് ഞാന്‍ തരുന്ന ഒരു സമ്മാനമാണ് ഈ പൂവ് “ എന്ന് പറഞ്ഞു ഞാന്‍
വേണ്ട അങ്കിള്‍ എന്ന് അവള്‍ പല തവണ പറഞ്ഞു
ഞങ്ങള്‍ നിര്‍ബന്ധിച്ച് ആ റൊസാ പൂ അവളെ കോണ്ട് വാങ്ങിപ്പിച്ച് ധൃതിയില്‍ അവിടെ നിന്നും നടന്നകലുകയായിരുന്നു.
പിന്നീട് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴും ആ പെണ്‍കുട്ടിയെ കുറിച്ചാണ് സംസാരിച്ചത്..

ഇപ്പോള്‍ ഇങ്ങനെ ഒരു കുറിപ്പെഴെതാന്‍ കാരണം..

ഇന്ന് ഉച്ചയ്ക്ക് കോഷീസില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ചാര നിറമുള്ള ഫ്രോക്കും വെള്ള നിറമുള്ള ഷര്‍ട്ടും ഇട്ട ഒരു സുന്ദരി കുട്ടി ഉറക്കെ അങ്കിള്‍ അങ്കിള്‍ എന്നു വിളിച്ചു
പെണ്‍കുട്ടി എന്റെ മുന്‍പില്‍ എത്തി. എനിക്ക് ആളെ ഓര്‍മ്മ വന്നില്ല..
“എനിക്ക് മനസ്സിലായില്ല”
‘അങ്കിള്‍ ഇത് ഞാനാണ് നീലിമ ദുരാണി”
എനിക്ക് ശരിക്കും മനസ്സിലായില്ല.. ഞാന്‍ ഇതാരായിരിക്കും എന്ന് ആലോചിച്ചു നിന്നു”
“അങ്കിള്‍ ഓര്‍മ്മ ഇല്ലെ? അന്ന് ചര്‍ച്ച് സ്ട്രീറ്റില്‍ വെച്ച് എനിക്ക് റോസാപ്പൂ സമ്മാനമായി തന്നത്”?
അവര്‍ണ്ണനീയമായ ഒരു വിസ്മയത്തിലകപ്പെട്ടു പോയി ഞാന്‍
ദൈവത്തിന്റെ മായാജാലങ്ങളെ കുറിച്ചോര്‍ത്ത് ഞാന്‍ ഓട്ടൊ സ്റ്റാന്റ് നോക്കി നടന്നു

19 comments:

തഥാഗതന്‍ said...

ചര്‍ച്ച് സ്ട്രീറ്റില്‍ റോസാപ്പൂ വില്‍ക്കുന്ന പെണ്‍കൊടി
ഒരു ഓര്‍മ്മക്കുറിപ്പ്

കൊച്ചുത്രേസ്യ said...

കൊള്ളാം മാഷേ ..ലളിതവും മധുരവുമായ പോസ്റ്റ്..
ആദ്യമായിട്ടായിരിക്കും ആ മോളോട്‌ അത്രേം സ്നേഹത്തോടെ ആരെങ്കിലും പെരുമാറിയത്‌ .നമ്മടെയൊക്കെ സൂപ്പര്‍ഫാസ്റ്റ്‌ ജീവിതത്തില്‍ ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു നന്മകളെങ്കിലും ചെയ്യാന്‍ പറ്റുന്നുണ്ടല്ലോന്ന്‌ ആശ്വസിക്കാം..

ദ്രൗപതി said...

മുന്നില്‍
ആ നിഷ്കളങ്കയായ
പെണ്‍കുട്ടിയും...
പനിനീര്‍പൂവും..
തെളിഞ്ഞുനില്‍ക്കുന്നതായി തോന്നി...
ചിലത്‌
ചിന്തിപ്പിക്കുമ്പോള്‍..
ചിലത്‌ മറക്കാനും
ചിലത്‌ ഓര്‍ക്കാനും
പ്രേരിപ്പിക്കുന്നു....

അഭിനന്ദനങ്ങള്‍....

വിഷ്ണു പ്രസാദ് said...

കാരുണ്യം ചിലപ്പോള്‍ ഒരു രോഗമാണ്.

ഡാലി said...

നീലിമ ദുരാണി- മിടുക്കിയാണവള്‍, അഭിമാനി. നഗരത്തിന്റെ ഹൃദയത്തില്‍ സുരക്ഷിതയായി അവള്‍ പഠിച്ച് വലുതാകട്ടെ.

ഇക്കാസ് മെര്‍ച്ചന്റ് said...

അപൂര്‍വ്വതകളെ കണ്ടുമുട്ടുന്നവര്‍ ജീവിതത്തില്‍ അപൂര്‍വ്വ വിജയം വരിക്കുമെന്ന് എന്റെ തത്ത പറയുന്നു. :)
നല്ല പോസ്റ്റ് പ്രമോദേട്ടാ.

സങ്കുചിത മനസ്കന്‍ said...

good!

ഏ.ആര്‍. നജീം said...

:)

കുറുമാന്‍ said...

വളരെ നല്ല പോസ്റ്റെന്നു പറയുന്നതിലും എനിക്കിഷ്ടം വളരെ നല്ല അനുഭവക്കുറിപ്പെന്നുപറയാനാണ്.

ആശംസകള്‍

പടിപ്പുര said...

നല്ല ഓര്‍മ്മ, നല്ല കുറിപ്പ്.

ശ്രീലാല്‍ said...

വായിക്കുന്നവരുടെയെല്ലാം മനസ്സിലേക്കും പ്രവഹിക്കട്ടേ ഈ നന്മയുടെ സ്ഫുരണം.

നന്ദി. :)

പഥികന്‍ said...

മനസില്‍ ഒരു മഞ്ഞു തുള്ളി വീണതു പോലെ

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

നല്ല പോസ്റ്റ് തഥാ ചേട്ടാ.

ഓടോ: പൂ വില്‍പ്പന എന്ന് മുതലാണ് ശ്രീജീ ഭിക്ഷാടനമായത്? (ഡേറ്റ് അറിഞ്ഞിരിക്കാനാ. അല്ലാതെ നിന്നെ ആക്കിയതല്ല) :-)

ഡാലി said...

പത്ത് രൂപയ്ക്ക് ഒരു റോസാപ്പൂ വിറ്റതാണോ കൊള്ള വില ശ്രീ‍ജിത്തേ? അവിടെ പാര്‍ട്ടികളില്‍ വില്‍ക്കുന്ന 8-10 പൂവുള്ള ഒരു ബൊക്കെയ്ക്ക് കൊടുക്കണമല്ലോ 200-300 രൂപാ.

അല്ലെങ്കിലും ബാങ്കളൂരെ ജീവിതം മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞീട്ടില്ല.

2000രൂപയ്ക്ക് കോക്കനട്ട് ഗ്രൂവില്‍ നിന്ന് ഭക്ഷണം കഴിച്ചിറഞ്ഞിയ ആള്‍ 150 രൂപയുടെ ഓട്ടോകാശിനു ഓട്ടോകാരനോട് തല്ലുകൂടും.

കലേഷ് കുമാര്‍ said...

നല്ല കുറിപ്പ് പ്രമോദേട്ടാ...

‌‌‌‌-----------

ഓണാശംസകള്‍!

Manu said...

കള്ളം പറഞ്ഞ് പൂവില്‍കുന്ന കുട്ടികള്‍ മുഖം ഓര്‍ത്തിരുന്നു പിന്നെ വന്നു സംസാരിക്കുകയല്ലേ... അമേരിക്കയില്‍ ഇപ്പോള്‍ ചൂട് വളരെ‍ക്കൂടുതലാണോ ചേട്ടായീ :)

നല്ല കുറിപ്പ് മാഷേ. നന്നായി

സുനീഷ് തോമസ് / SUNISH THOMAS said...

:)
തഥാ ചേട്ടാ, നല്ല പോസ്റ്റ്. നല്ല അനുഭവം.

ഡാലി പറഞ്ഞതു ഞാനും ആവര്‍ത്തിക്കുന്നു.
നഗരത്തിന്റെ ഹൃദയത്തില്‍ സുരക്ഷിതയായി അവള്‍ പഠിച്ച് വലുതാകട്ടെ.

കുട്ടന്‍സ്‌ | S.i.j.i.t.h said...

പ്രമോദേട്ടാ,
നല്ല പോസ്റ്റ്..
ആ കുട്ടിയെ..ഒരു പക്ഷെ അതു പോലെതന്നെയുള്ള മറ്റേതോ പൂക്കാരി/സുന്ദരി പെണ്‍കുട്ടിയെ ഞാനും പലതവണ എ.ജി റോഡ്/ചര്‍ച്ച് സ്ട്രീറ്റ് പരിസരങ്ങളില്‍ കാണുറുണ്ടായിരുന്നൂ..കുറേത്തവണ ആ കുട്ടിയുടെ കയ്യില്‍ നിന്നും റോസാപ്പൂക്കളും വാങ്ങിയിട്ടുണ്ട്...
ഈ ലോകത്ത് അന്തസ്സായി ജീവിക്കാനുള്ള അവകാശം അവള്‍ക്കും ലഭിക്കട്ടെ...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇവിടെ ഞാനാദ്യമായാണ് വരുന്നത്...
ചര്‍ച്ച് സ്ട്രീറ്റില്‍ റോസാപ്പൂ വില്‍ക്കുന്ന പെണ്‍കൊടി
ഒരു ഓര്‍മ്മക്കുറിപ്പ്.
മനോഹരമായ വരികള്‍..